അഗ്നിപഥ് പദ്ധതി സൈന്യത്തെ ഹിന്ദുവൽക്കരിക്കാൻ; ആയുധ പരിശീലനം നേടിയ ആര്എസ്എസുകാരെ കൂട്ടത്തോടെ സൈന്യത്തിലെടുക്കാനുള്ള നീക്കമെന്ന് എംഎം ഹസ്സന്
അഗ്നിപഥ് രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കുകയും സൈന്യത്തെ ഹിന്ദുവത്കരിക്കുകയും ചെയ്യുകയെന്ന സവര്ക്കറുടെ ആശയം നടപ്പിലാക്കാനുള്ള പദ്ധതിയെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസ്സന്. വഞ്ചിയൂര് ബ്ലോക്ക് കോണ്ഗ്രസിന്റെ നേതൃത്വത്തില് പുളിമൂട് പോസ്റ്റ് ഓഫീസിന് മുന്നില് നടന്ന ധര്ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ രോഷാഗ്നി ആളിപ്പടരുകയാണ്. അത് മുഖവിലക്കെടുക്കാനും പദ്ധതിയില് നിന്ന് പിന്മാറാനും കേന്ദ്ര സര്ക്കാര് തയ്യാറാകാത്തത് രാജ്യത്തിന്റെ സൈന്യത്തെ സംഘപരിവാറിന്റെ പിടിയിലൊതുക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ഹസൻ ആരോപിച്ചു. രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കുകയും സൈന്യത്തെ ഹിന്ദുവത്കരിക്കുകയും ചെയ്യുകയെന്ന ആശയം സര്വര്ക്കറുടേതാണ്. അത് നടപ്പിലാക്കാനാണ് യുവാക്കളെ നാലുകൊല്ലത്തേക്ക് സൈന്യത്തിലെടുക്കുകയും അതില് മികവുള്ളവരെന്ന് കണ്ടെത്തി 25 ശതമാനം പേരെ മാത്രം 15 കൊല്ലം തുടരാന് അനുവദിക്കുകയും ചെയ്യുന്ന ഈ പദ്ധതിയെന്നും ഹസൻ ആരോപിച്ചു.
“ആയുധ പരിശീലനം നേടിയ ആര്എസ്എസുകാരെ കൂട്ടത്തോടെ സൈന്യത്തിലെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്. അഗ്നിപഥ് വഴി നിയമിക്കുന്നവരില് മികവ് പുലര്ത്തിയത് ഇവരാണെന്ന് വരുത്തി ത്തീര്ത്ത് ഇവര്ക്ക് സ്ഥിരനിയമനം നല്കാനുള്ള രഹസ്യ പദ്ധതിയും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കണം.” ഹസൻ പറഞ്ഞു.
കോണ്ഗ്രസിനെ തകര്ത്ത് രാജ്യത്ത് പ്രതിപക്ഷം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കുമെതിരായ നാഷണല് ഹെറാള്ഡ് കേസെന്നും ഹസൻ ആരോപിച്ചു. ഹിന്ദുഭാരതമെന്ന ആശയം ശക്തിപ്പെടുന്നതിന്റെ ഭാഗമാണ് കോണ്ഗ്രസിനെ തകര്ക്കുകയും സൈന്യത്തെ വര്ഗീയവത്കരിക്കുകയും വഴി ബിജെപി സര്ക്കാര് ലക്ഷ്യമിടുന്നതെന്നും ഹസ്സന് പറഞ്ഞു.