മുണ്ടുടുത്ത്, മലയാളത്തിൽ സംസാരിച്ച് മോദി
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തനിമയുള്ള വേഷത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും നേര്യതും അതിനൊത്ത ഷർട്ടുമായിരുന്നു മോദിയുടെ വേഷം. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. ചെറു സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ഇന്നത്തെ ആദ്യ പരിപാടിയായ ബി ജെ പി പൊതുയോഗ സ്ഥലത്തെത്തുകയായിരുന്നു. നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അവിടെ കാത്തുനിന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഓണക്കോടി നൽകി സ്വീകരിച്ചു.
ബി ജെ പി പൊതുയോഗത്തിൽ മലയാളത്തിൽ സംസാരിച്ചാണ് മോദി തുടങ്ങിയത്. മലയാളികൾക്കെല്ലാം ഓണാശംസ നേർന്ന പ്രധാനമന്ത്രി ഓണക്കാലത്ത് എത്താനായത് വലിയ സൗഭാഗ്യമാണെന്നും പറഞ്ഞു. കേരളം സാംസ്കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്നായിരുന്നു മോദി പറഞ്ഞത്. പിന്നീട് കേരളത്തിന് നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ബി ജെ പി സർക്കാരുകൾ ഇരട്ട എഞ്ചിൻ ആണെന്നും അഭിപ്രായപ്പെട്ടു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്നും ഇതിൽ ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി എന്ന് മോദി പറഞ്ഞു. മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തെന്നും ഇതിനായി 6000 കോടി ചെലവഴിച്ചെന്നും വ്യക്തമാക്കി.
ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല് ഐഎന്എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്പ്പിക്കും. കൊച്ചിൻ ഷിപ്യാർഡിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് കൈമാറും. ഐഎന്എസ് വിക്രാന്തിന്റെ നിര്മ്മാണം 15 വര്ഷത്തെ പ്രയത്നത്തിലൂടെയാണ് കൊച്ചിൻ ഷിപ്യാർഡിൽ പൂര്ത്തിയായത്. 20,000 കോടി രൂപ ചെലവിട്ടാണ് യുദ്ധക്കപ്പല് നിര്മ്മിച്ചത്.
76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. കപ്പലിന്റെ നീളം 860 അടിയും ഉയരം 193 അടിയുമാണ്. 30 എയര്ക്രാഫ്റ്റുകള് ഒരേ സമയം കപ്പലിന് വഹിക്കാനാകും. 1971ല് ഇന്ത്യ-പാക് യുദ്ധത്തില് നിര്ണായക പങ്ക് വഹിച്ച ഐഎന്സ് വിക്രാന്ത് ഡീ കമ്മീഷന് ചെയ്തിരുന്നു. പഴയ ഐഎന്സ് വിക്രാന്തിന്റെ ഓർമയ്ക്കാണ് അതേ പേര് തദ്ദേശീയമായി നിര്മ്മിച്ച കപ്പലിനും നല്കിയത്. ഡീ കമ്മീഷന് ചെയ്ത ഐഎന്സ് വിക്രാന്ത് വാങ്ങിയത് ബ്രിട്ടനില് നിന്നാണ്. ആഗസ്റ്റ് 28ന് നാവികസേനയ്ക്ക് കൈമാറിയെങ്കിലും ഐഎന്സ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിന്നും മാറ്റിയിട്ടില്ല.
ഇതിനുപുറമെ സിയാൽ കൺവെൻഷൻ സെന്ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി ഇന്ന് നിർവ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.