സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍, 9 പുത്തൻ സ്ക്രീനുകളുമായി കെഎസ്എഫ്ഡിസി; കാക്കനാട് മാജിക് ഫ്രെയിംസിന്റെ നാലു സ്ക്രീന്‍

സംസ്ഥാനത്ത് മൾട്ടിപ്ലെക്സുകളുടെ എണ്ണം കൂടുകയാണ്. മികച്ച സിനിമകൾ നിർമിക്കുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് മൾട്ടിപ്ലെക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ കമ്പനികൾ തയ്യാറാകുന്നത്. അതേസമയം മൾട്ടിപ്ലെക്സുകൾ ചെറിയ തിയറ്ററുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
വർധിച്ച് വരുന്ന ബിസിനസ് ചെലവുകളും കാഴ്ചക്കാരുടെ എണ്ണ കുറവും ഹിറ്റ് സിനിമകളുടെ കുറവുമൊക്കെ നഗരങ്ങളിലടക്കമുള്ള സിംഗിൾ- സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സിന് കേരളത്തിലുടനീളം 42 സ്ക്രീനുകളുണ്ട്.
മെക്സിക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സിനിമാ ശൃംഖലയായ സിനിപോളിസിന് കൊച്ചിയിൽ മൂന്ന് വിഐപി സ്ക്രീനുകൾ ഉൾപ്പെടെ 11 സ്ക്രീനുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ മികച്ച സിനിമകൾ വരുന്നതു കൊണ്ടാണ് മൾട്ടിപ്ലെക്സുകൾ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാനും ചലച്ചിത്ര നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ആറ് ജില്ലകളിലായി 17 സ്ക്രീനുകൾ തുറന്നിട്ടുണ്ട്. 9 സ്ക്രീനുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറേഴ് മാസത്തിനുള്ളിൽ പുതിയ സ്ക്രീനുകൾ തുറക്കുമെന്നും കെഎസ്എഫ്ഡിസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇപ്പോൾ സംസ്ഥാനത്ത് 650 സിംഗിൾ സ്ക്രീൻ തിയറ്ററുകളാണുള്ളത്. ലുലു- മൈമൂണിന്റെ ഉദ്ഘാടനത്തോടെ കൊച്ചിയിൽ അഞ്ച് പിവിആർ സ്ക്രീനുകൾ കൂടി വരും. കാക്കാനാട് നാല് മൾട്ടിപ്ലെക്സുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് മാജിക് ഫ്രെയിംസ്.