‘നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി’; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ലെന്ന് ജി സുധാകരൻ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ പിണറായി സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ രംഗത്ത്.
സർക്കാരിന്റെ പ്രവർത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സുധാകരൻ വ്യക്തമാക്കി.
‘മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നല്‍കണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് അദ്ദേഹം അധികാരത്തില്‍ എത്തിയത്.
ഒരാള്‍ വിചാരിച്ചാല്‍ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാല്‍ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട്’, സുധാകരൻ പറഞ്ഞു.