‘സാറല്ല, ആരു പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ’; മന്ത്രിയും സിഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദം, നടപടി
ഭക്ഷ്യമന്ത്രി ജി ആര് അനിലിനോട് ഫോണ്‍ സംഭാഷണത്തിനിടെ തട്ടിക്കയറി തിരുവനന്തപുരം വട്ടപ്പാറ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഗിരിലാല്‍. പീഡന പരാതിയില്‍ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച മന്ത്രിയോട് സിഐ പ്രോട്ടോക്കോള്‍ പാലിക്കാതെ സംസാരിക്കുകയും തട്ടിക്കയറുകയുമായിരുന്നു. സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നു. സാറല്ല, ആരു വന്നു പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ എന്നാണ് സിഐ ഗിരിലാല്‍ മന്ത്രിയോട് പറഞ്ഞത്. സംഭവത്തില്‍ സിഐ ഗിരിലാലിനെ സ്ഥലം മാറ്റി. പോലീസുകാരനെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റം
മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീ നല്കിയ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതു സംബന്ധിച്ചാണ് മന്ത്രി സ്റ്റേഷന് ഹൗസ് ഓഫീസറായ ഗിരിലാലിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചത്. ഇതിനു മറുപടിയായാണ് ന്യായം നോക്കി ഇടപെടാമെന്ന് സിഐ പറഞ്ഞത്. പരാതി കേട്ടയുടന്‍ പ്രതിയെ തൂക്കിയെടുത്തു കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചു. അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ സാറുള്‍പ്പെടെ ആരും കാണില്ലെന്നുമായിരുന്നു സിഐയുടെ മറുപടി.
ശബ്ദരേഖ കേള്‍ക്കാം