ഒരു സീറ്റല്ല, 35 സീറ്റുകൾ എന്ന ലക്ഷ്യവുമായി ബിജെപിയുടെ പടയൊരുക്കം; പട നയിക്കാൻ അമിത് ഷായും നരേന്ദ്രമോദിയും കേരളത്തിൽ എത്തും
കേരളത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന് പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന് പ്രതാപ് ഗര്‍ഹി, കനയ്യ കുമാര്‍ എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്‍. ഇവർ നാലുപേരും കേരളത്തിലേക്ക് എത്തുമ്പോൾ
ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും, മുകുള്‍ വാസ്നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുമാണ് നൽകിയത്.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം മനസിലാക്കി മുന്നോട്ട് പോകാനാണ് സിപിഎം തയ്യാറെടുക്കുന്നത്. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് പാർട്ടിക്ക് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടിരുന്നു.
എന്നാൽ പിന്നീട് ഗൃഹ സമ്പർക്ക പരിപാടിയുമായി രംഗത്തിറങ്ങിയ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി. വിശ്വാസികളുടെ വേദന ഉൾക്കൊണ്ട് പാർട്ടി മാപ്പ് പറയുന്ന രീതിയിലെ പ്രചാരണം കൊണ്ട് സിപിഎമ്മിന് ഗുണമുണ്ടായി എന്നാണ് വിലയിരുത്തൽ, അതിന് സമാനമായി വീടുകൾ കയറി വീണ്ടും പ്രചാരണം നടത്തുന്നതിനാണ് സിപിഎം തയ്യാറെടുക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരായ രോഷം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ചെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആ സാഹചര്യമാകില്ലെന്നും, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ഗൃഹ സമ്പർക്കം, വാർഡ് തല സമ്മേളനം എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികളുമായി ജനങ്ങൾക്കിടയിലേക്ക് സിപിഎം ഇറങ്ങുമ്പോൾ അത് കൊണ്ട് ഇടത് സർക്കാരിൻ്റെ ഹാട്രിക് ഭരണം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
എന്നാൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷൻറെ മുന്നൊരുക്കങ്ങൾ ഏറ്റവും സജീവമാക്കുന്നത് ബിജെപി തന്നെയാണ്. ഇതിന്റെ ആദ്യപടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും തിരുവനന്തപുരത്തേക്ക് എത്തുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവർത്തനത്തിനാണ് ബി ജെ പി ഇക്കുറി മുൻതൂക്കം നൽകുന്നത്.
മിഷൻ 2026 ൽ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയിൽ വോട്ട് നേടിയ മണ്ഡലങ്ങളുമാണ് ഈ മുപ്പത്തഞ്ച് എണ്ണം. ഭരണം പിടിക്കുന്നതിനപ്പുറം 2026 ൽ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയിൽ വളരുക എന്നതാണ് 35 സീറ്റുകളിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് ബി ജെ പി പയറ്റുന്ന തന്ത്രം.
ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോർ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്ത് എത്തും.
മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബി ജെ പി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതൽ സീറ്റുകൾ നേടാം എന്നതാണ് സംസ്ഥാന ബി ജെ പിയുടെ പ്രതീക്ഷ.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. നേമത്ത് മത്സിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്റെ പേര് പാലക്കാടാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ വട്ടിയൂർകാവാണ് സുരേന്ദ്രൻ ഉന്നം വെക്കുന്നത്. എല്ലാ ഇലക്ഷനിലും വോട്ടുകളുടെ എണ്ണം കൂട്ടുന്ന ശോഭ സുരേന്ദ്രന് മിക്കവാറും കായംകുളത്തായിരിക്കും മത്സരിക്കുന്നത്.
അകൗണ്ട് വീണ്ടും തുറക്കുക എന്ന ചെറിയ ലക്ഷ്യമല്ല ഇത്തവണ ബിജെപിക്ക് ഉള്ളത്. ഭരണത്തിൽ നിർണ്ണായകമാകുന്ന 35 സീറ്റുകൾ പിടിക്കാൻ സംസ്ഥാന തലത്തിലും ദേശീയതലത്തിലും വലിയ പ്ലാനുകളാണ് തയ്യാറാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ വിജയം ഒരു വലിയ സൂചന ആയിട്ട് തന്നെയാണ് കേന്ദ്ര നേതാക്കളും കാണുന്നത്.












