ലൈംഗിക അതിക്രമം മാത്രമല്ല, രാഹുലിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചും പരാതി; ഷാഫി പറമ്പിൽ എല്ലാത്തിനും കൂട്ടുനിന്നതായും ആരോപണം

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മേല്‍ സമ്മര്‍ദ്ദം ശക്തമായി. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്.
പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണ്. എന്നാല്‍, ഹൈകമാന്‍ഡിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിലും പരാതി പോയിട്ടുണ്ട്. സ്ത്രീവിഷയം കൂടാതെ, രാഹുലിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നും, ആ ഇടപാടുകളില്‍ ഷാഫി പറമ്പിലിനും
പങ്കുണ്ടെന്നുമാണ് പരാതി. പ്രതിപക്ഷ നേതാവിന് പരാതി കൊടുത്തിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അയച്ച കത്തില്‍ പറയുന്നുണ്ട്.
പാലക്കാട് ഡിസിസി ഭാരവാഹി ഉള്‍പ്പെടെ ഒന്നിലധികം പേര് ഒപ്പിട്ട പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം. രാഹുല്‍ എംഎല്‍എയായതിന് ശേഷമുളള സാമ്പത്തിക വളര്‍ച്ച ദൂരൂഹമാണ്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ബിസിനസ് ഇടപാടുകള്‍ ഉണ്ട്. ഇടപാടുകളില്‍ ഉറ്റ സുഹൃത്ത് കൂടിയായ ഷാഫി പറമ്പിലിനും പങ്കുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു.
ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിന്റെ ചുമതലയുളള ദീപാദാസ് മുന്‍ഷിക്കും മുമ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയം കേരളത്തില്‍ തന്നെ ഒതുക്കി തീര്‍ക്കുകയും ദേശീയ നേതൃത്വത്തെ അറിയിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേരുളളപ്പോള് ഷാഫി എത്തിയത് പിന്‍വാതിലിലൂടെ ആണെന്ന ആക്ഷേപമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തലിനെ പുറത്താക്കണമെന്നും അല്ലെങ്കില്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി അവസാനിപ്പിക്കുന്നത്.
ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഡി.ജി.പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. കേസോ പരാതിയോ ഇല്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധമാണ് വനിതാ കമ്മീഷൻ കേസെടുത്തതിലൂടെ പൊളിയുന്നത്.
രാഹുലിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്സും രംഗത്ത് വന്നിരുന്നു. ഇരയായ പെണ്‍കുട്ടികള്‍ പരാതിയുമായി വരാത്തത് എന്ത് കൊണ്ടാണെന്നും, ഇങ്ങനെ പരാതി പറയുന്ന പെണ്‍കുട്ടികളോട് നമ്മുടെ സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
കുറച്ച് ദിവസത്തെ കുറ്റപ്പെടുത്തലുകള്‍ക്കും പരിഹാസങ്ങൾക്കും ശേഷം, സമൂഹം പുരുഷനെ വെറുതെ വിടും. എന്നാൽ ജീവിതകാലം മുഴുവന്‍ ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തളളിയിടുകയും ചെയ്യുന്ന വൃത്തികെട്ട വ്യവസ്ഥിതിയാണ് ഉള്ളത്. അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് ഇതാണെനന്നും താര ടോജോ അലക്സ് പറയുന്നു.
ഈ വ്യവസ്ഥിതി തിരുത്തിയതിനുശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്തുകൊണ്ട് പേര് പറയുന്നില്ല, എന്തുകൊണ്ട് വിളിച്ചുപറയുന്നില്ല എന്ന ബഹളം വയ്ക്കാന്‍ പാടുളളുവെന്നും അവര്‍ പറഞ്ഞു.
‘ഈ രാജ്യത്തെ മഹാരഥന്മാര് ഇരുന്ന രണ്ട് കസേരകള്‍ ഒരേസമയം താലത്തില്‍ വെച്ച് കിട്ടിയിട്ടും, നഷ്ടപ്പെടാന്‍ ഇമേജ് ഉള്‍പ്പെടെ നൂറായിരം കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഇത്തരം ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്? സ്ത്രീകള്‍ അത്രമേല്‍ അശക്തരാണെന്നും അവര്‍ക്ക് നിലവിളിക്കാന്‍ കഴിയുകയില്ല എന്നും ഈ സമൂഹം അയാള്‍ക്ക് കൊടുത്തിട്ടുളള ഉറപ്പുകളാണ്.
ആ വ്യവസ്ഥിതി തിരുത്താനുളള ഒരു അവസരമായി ഈ സംഭവങ്ങളെ കാണണം. നിങ്ങലുടെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും ഇതേ അവസ്ഥയെ നേരിടേണ്ടി വന്നേക്കാം.
പാര്‍ട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭക്കേസിലും പെണ്ണുകേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന പഴയ അശ്ലീല തമാശകൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അതിനെപ്പറ്റി കാര്യക്ഷമമായി അന്വേഷിക്കുകയും ഇരകളുടെ ഐഡന്റിറ്റി പുറത്തുവരാത്ത തരത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക എന്ന ഒറ്റ പരിഹാരം മാത്രമേ ഇക്കാര്യത്തിൽ ഉള്ളൂ എന്നും താരാ ടോജോ അലക്സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.