ഓണാഘോഷം; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

ഓണക്കാലത്തെ മദ്യ വില്പനയില് ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ലിമിറ്റഡ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റത്.
ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്കോ ഔട്ട്ലറ്റുകള് തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്പന.
ബെവ്കോയുടെ സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായി ബെവ്കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്പ്പനയേക്കാള് അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു.
ഓണക്കാലത്തെ മദ്യ വില്പനയിലെ ഉയര്‍ച്ച ബെവ്കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്കോ നേടിയത്.