രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അതിക്രമം ആസൂത്രിതമെന്ന് ഉമ്മൻചാണ്ടി; വിയോജിപ്പ് അറിയിക്കേണ്ട രീതി ഇതല്ലെന്ന് യെച്ചൂരി
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം ആസൂത്രിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായി ഉമ്മൻചാണ്ടി. കൃത്യമായ ആസൂത്രത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ ഇടപെടലിലും സംശയമുണ്ട്. അത്രമാത്രം നിസംഗമായിരുന്നു അവരുടെ നീക്കം.
മുഖ്യമന്ത്രിയും പാർട്ടിയും പാർട്ടി സെക്രട്ടേറിയേറ്റും ജനറൽ സെക്രട്ടറിയുമൊക്കെ എസ് എഫ് ഐ പ്രവർത്തകരെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. എങ്കിലും മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ഇടപെടലിൽ സംശയമുമണ്ടെന്നും ഉമ്മൻചാണ്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എസ് എഫ് ഐയുടെ ഇടപെടലിൽ സി പി എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിര കർശന നടപടികൾ സ്വീകരിക്കണം.
എന്നാൽ വിയോജിപ്പുകൾ അറിയിക്കേണ്ട രീതി ഇതല്ലെന്നും അക്രമസംഭവം അങ്ങേയറ്റം അപലപനീയവുമാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ സംഘടനാ തലത്തിൽ നടപടി എടുക്കേണ്ട കാര്യം എസ് എഫ് ഐ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ മാതൃകാപരമായ നടപടി എസ് എഫ് ഐ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും എന്നാണ് വിശദീകരണം.
Content Highlights: Oomman Chandy and Yechury on Rahul office attack