കാലം മായ്ക്കാത്ത കുഞ്ഞൂഞ്ഞ്; ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

കേരളത്തിൻറെ ഒരേയൊരു ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. അയഞ്ഞ ഖദർ ഷർട്ടുമിട്ട്, ചീകിയൊതുക്കാത്ത മുടിയുമായി, ആൾക്കൂട്ടത്തിനിടയിൽ മാത്രം ജീവിച്ച ജനകീയ രാഷ്ട്രീയ നേതാവ്. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പർക്കം നിർത്തിയിട്ട് 2 വർഷമായിരിക്കുന്നു.
5 പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങളായിരുന്നു. യുഡിഎഫ് കൺവിനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, അതിനുമപ്പുറം, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി സ്ഥാനം രണ്ടു തവണ. പ്രതിസന്ധികളേയും അതിരൂക്ഷ വിമർശനങ്ങളേയും ചെറുപുഞ്ചിരിയോടെ നേരിട്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഉമ്മൻ ചാണ്ടി. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്.
തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത. 1977ൽ തൊഴില്‍ വകുപ്പ് മന്ത്രി, 1981 ല്‍ ആഭ്യന്തരമന്ത്രി, 1991 ല്‍ ധനമന്ത്രി, 2004 ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി.
വിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. മരണം വരെ അടിമുടി കോണ്ഗ്രസുകാരൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം . ഒരു രാഷ്ട്രീയ നേതാവ് മരണശേഷവും ആരാധക മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.