ഇടുക്കി ഡാം തുറക്കല്‍ ; മുന്‍കരുതലുകള്‍ സ്വീകരിച്ചു

ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിൽ എത്തിയാലും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകും.
ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെളളം ഒഴുകിപ്പോകുന്ന എല്ലാ ഔട്ട്ലെറ്റുകളും തുറന്ന നിലയിലാണ്. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. നിലവിൽ പെരിയാറിലെ മാർത്താണ്ഡവർമ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇവിടത്തെ ജലനിരപ്പ് ആശങ്കാജനകമായി ഉയർന്നിട്ടില്ല.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലേക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാണ്. മരുന്നുകളും സംഭരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.