സഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു, യുവ നേതാക്കൾ സഭയിലെത്തിയത് കറുപ്പ് ഷർട്ട് ധരിച്ച്
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കറുത്ത ഷർട്ടും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം എൽ എ മാർ സഭയിലെത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, റോജി എം ജോൺ, എൽദോസ് കുന്നംപള്ളി എന്നിവരാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്.
ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്ക് കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. സഭക്കകത്ത് പ്ലക്ക് കാർഡ് ഉയർത്തുന്നത് ചട്ടലംഘനമാണെന്ന സ്പീക്കർ ആവർത്തിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം അത് വകവെച്ചില്ല. തുടർന്ന് സഭാ നടപടികൾ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.
സഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയത്. പി ആർ ഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് ലഭിക്കുക. മീഡിയാ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിച്ചില്ല. കോവിഡ് കാലത്താണ് സഭയിൽ മാധ്യമങ്ങളെ നിയന്ത്രിച്ചത്. ഈ അവസ്ഥ തുടരാനാണ് സ്പീക്കറുടെ നിർദേശം.
Content Highlights: opposing party Kerala Niyama Sabha Session