റിയാസ് ചോദ്യങ്ങളില്‍ നിന്ന് വഴുതി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ വിമർശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. റിയാസിന് തന്നോട് അസഹിഷ്ണുതയാണെന്നും റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് റിയാസ് നൽകുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നിട്ടും പ്രതിപക്ഷം വിമര്‍ശിക്കരുതെന്നാണ് മന്ത്രി പറയുന്നത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതുകൊണ്ടാണ് റിയാസിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം മന്ത്രിയല്ല വെറും മുഹമ്മദ് റിയാസ് മാത്രമായിരുന്നെങ്കില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തന്നെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
തന്റെ മനസ്സിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ലെന്നും റോഡിലെ കുഴിയാണ് അടയ്ക്കേണ്ടതെന്നുമായിരുന്നു റിയാസിന്റെ വിമര്‍ശനത്തിന് പ്രതിപക്ഷ നേതാവ് മറുപടി.
മന്ത്രിയുടെ മറുപടികള്‍ക്ക് തന്റെ ചോദ്യവുമായി യാതൊരു ബന്ധവുമില്ല. അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് മറുപടികള്‍. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും തെറ്റുതിരുത്തുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. അതിനുപകരം തനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുകുകടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെ പറയുന്നത് എന്തിനാണ്. റോഡിലെ കുഴികളെക്കുറിച്ച് സംസാരിക്കാന്‍ ജയിലില്‍ പോകേണ്ട ആവശ്യമെന്താണ്.
പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ഒരു മന്ത്രി മറുപടി പറയേണ്ട രീതി ഇതല്ല. പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാന്‍ അത് പ്രതിപക്ഷ നേതാവിനെതിരേയുള്ള വ്യക്തിപരമായ ആക്ഷേപമാക്കുന്നതില് അര്‍ഥമില്ല. ഉപദേശിക്കാന്‍ പാടില്ല വിമര്‍ശിക്കാന്‍ പാടില്ലാ എന്നെല്ലാം പറയുന്നത് ശരിയല്ല. അസഹിഷ്ണുത കാരണം പരസ്പര വിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. ഇനി മന്ത്രിയെന്ന നിലയില്‍ നന്നായി ജോലി ചെയ്താല്‍ താന്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights – Opposition leader VD Satheeshan criticized Minister PA Muhammad Riaz