അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ബുധനാഴ്ചയും കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. യെല്ലോ അലര്‍ട്ടാണ് നല്കിയിരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലയില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 23നും ഓഗസ്റ്റ് 24നും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.