വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പ; മടക്കം റേഷൻ കട തകര്‍ത്ത് അരി കഴിച്ചശേഷം
ഇടുക്കി മൂന്നാര്‍ ജനവാസമേഖലയില്‍ വീണ്ടും ഇറങ്ങി ഒറ്റയാൻ പടയപ്പ. ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന ഭാഗികമായി തകര്‍ത്തു. പുലര്‍ച്ചെയെത്തിയ ആന കടയില്‍ സൂക്ഷിച്ചിരുന്ന അരിയടക്കം കഴിച്ചശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ജനവാസ മേഖലയില്‍ ഉണ്ട്. ഇന്നലെ ഗ്യാപ് റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വച്ചാണ് ജനവാസമേഖലയില്‍ നിന്നും ഓടിച്ചത്.
കഴിഞ്ഞ സെപ്തംബറില്‍ മൂന്നാറില്‍ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനില്‍ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകര്‍ത്തിരുന്നു. എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികള്‍ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തി. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേല്‍ക്കൂര തകര്‍ത്തിരുന്നു.