പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം; രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ധരാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടായിരിക്കും നിയന്ത്രണം.
പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തെ തുടര്‍ന്നാണ് തീരുമാനം. പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിളില്‍ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളില്‍ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു പാലക്കാട് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
വൈദ്യുതി ഉപഭോഗം കൂടുന്ന സര്‍ക്കിളുകളില്‍ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിര്‍ദേശം ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് കെഎസ്ഇബി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആദ്യ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്.