പാലക്കാട് കല്ലിങ്കലിൽ യുവാവിന് പരിക്കേറ്റ ബൈക്കപകടം ആസൂത്രിതമെന്ന് പൊലീസ്; സുഹൃത്തുക്കൾ അറസ്റ്റിൽ
പാലക്കാട് യുവാവിന് പരിക്കേറ്റ ബൈക്കപകടം ആസൂത്രിതമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിൻ്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലത്തൂർ സ്വദേശികളായ സജു, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ കൊടുമ്പ് സ്വദേശി ഗിരീഷ് ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കല്ലിങ്കൽ ജംക്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ഗിരീഷിന് അപകടമുണ്ടായത്. ബൈക്കിൽനിന്നു വീണതിനെത്തുടർന്ന് ഗിരീഷിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നു പൊലീസ് കണ്ടെത്തി. വ്യക്തിവൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.
ബൈക്കിൽ പോകുകയായിരുന്ന ഗിരീഷിനെ അക്ഷയ് ഓടിച്ചിരുന്ന ബൈക്കിൻ്റെ പിന്നിലിരുന്ന സജു തള്ളിവീഴ്ത്തുകയായിരുന്നു. ചന്ദ്രനഗറിലെ ബാറിൽനിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുംവഴി ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സൗത്ത് പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്.