തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ 15 ആനകളുമായി മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം
അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
ജനുവരി മൂന്നിന് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ട്. ഈസമയത്ത് മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതിക്ക് അപേക്ഷിച്ചു. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്തിക്കൊണ്ടുള്ള മിനി പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവില്‍ പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനൊപ്പമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.