കസ്റ്റഡിയിലായ വ്യക്തിയുടെ മൊബൈലിൽ നിന്നും നമ്പരെടുത്ത് യുവതിയെ ശല്യം ചെയ്തു; പത്തനംതിട്ടയിൽ പൊലീസുകാരന് സസ്പെൻഷൻ
കസ്റ്റഡിയിലായ വ്യക്തിയുടെ മൊബൈൽ ഫോണിൽ നിന്നും നമ്പർ എടുത്ത ശേഷം യുവതിയെ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ ഗൗരവതരമായ കുറ്റമാണെന്ന് ജില്ലാ പൊലീസ് മേധാവി നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയായ ആളുടെ മൊബൈൽ ഫോണിൽ നിന്നാണ് അഭിലാഷ് യുവതിയുടെ മൊബൈൽ നമ്പർ മനസിലാക്കിയത്. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഫോൺ കസ്റ്റഡിയിൽ എടുത്തത്. ഈ ഫോൺ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, ഫോൺ ഉടമയുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്ത അഭിലാഷ് യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്ന് യുവതി എസ്പിക്ക് പരാതി നൽകുകയായിരുന്നു .
തന്റെ ഫോൺ ദുരുപയോഗം ചെയ്തതായി കസ്റ്റഡിയിലെടുത്ത പ്രതിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു . പരാതികളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും തുടർന്ന് ഫോൺ ഡിവൈഎസ്പി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.