തിരുവനന്തപുരം പോലീസിന് മുന്നില്‍ ഹെലികോപ്ടറില്‍ പോയി ഹാജരാകാന്‍ ശ്രമം നടത്തിയെന്ന് പിസി ജോർജ്
കേരള പൊലീസ് തന്നെ കളിയാക്കുകയാണെന്ന് പിസി ജോർജ്. തിരുവനന്തപുരം പോലീസിന് മുന്നില്‍ ഹെലികോപ്ടറില്‍ പോയി ഹാജരാകാന്‍ താന്‍ ഇന്നലെ ശ്രമം നടത്തിയിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
“അത്ര നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ തന്നെ ഹെലികോപ്ടര്‍ എടുത്ത് പോകാന്‍ ഉദ്ദേശിച്ചതാണ്. പണം പോയാലും വേണ്ടിയില്ല നിയമം ലംഘിച്ചെന്ന് വേണ്ട. എന്തുവേണമെന്ന് ചോദിച്ച് പോലീസിന് വിളിച്ചെങ്കിലും ഫോണെടുത്തില്ല,” ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് തന്റെ മകന് വിളിച്ചപ്പോള്‍ തങ്ങള്‍ ആലോചിച്ച് പറയാമെന്നാണ് പറഞ്ഞത്. അവര്‍ ആലോചിക്കട്ടെ, ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. നാണംകെട്ട രാഷ്ട്രീയമാണ് തനിക്ക് സമന്‍സ് അയച്ചതിന് പിന്നില്‍. കോടതിയില്‍ ഇക്കാര്യം പറയുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ ഞായറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യമെന്നും ജോർജ് ചോദിച്ചു.
“പോലീസ് എനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാര്. എനിക്ക് വരാന്‍ കഴിയില്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ ചെയര്‍മാനാണ് ഞാന്‍. അന്നെങ്കിലും തൃക്കാക്കരയില്‍ പോയി സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം?” ജോർജ് ചോദിക്കുന്നു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്ന വിഷയത്തിൽ പൊലീസ് നിയമോപദേശം തേടും. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനു തിരുവനന്തപുരത്ത് എത്താനുള്ള പൊലീസിന്റെ നിർദേശം തള്ളിയാണ് ജോർജ് ഇന്നലെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. ആരോഗ്യ പ്രശ്നങ്ങളും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽനിന്ന് പിസി ഒഴിവായത്. പകരം, ചൊവ്വ ,ബുധൻ ദിവസങ്ങളിൽ എത്താൻ തയാറാണന്നും പൊലീസിനെ അറിയിച്ചിരുന്നു.