പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ സർക്കാർ അപ്പീൽ നൽകും; എപിപി ഹാജരാകാതിരുന്ന സാഹചര്യം പരിശോധിക്കുമെന്ന് പി രാജീവ്
പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ സർക്കാർ അപ്പീൽ നൽകും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് സർക്കാർ അപ്പീൽ നൽകുക. പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രോസിക്യൂഷന് തീരുമാനം.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ജാമ്യം നല്‍കിയതെന്ന വാദമാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്നത്. പ്രധാനപ്പെട്ട രണ്ടു വകുപ്പുകള്‍ ചുമത്തിയിട്ടും ഏത് സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത് എന്ന് അറിയേണ്ടതുണ്ടെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.
അതേസമയം, പി സി ജോർജിൻ്റെ ജാമ്യം അനുവദിച്ചത് എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടാണോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. എപിപി ഇല്ലെങ്കിൽ ജയിലിലേക്ക് വിടാറാണ് പതിവ്. സർക്കാരിന് ഇതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്ന. വഞ്ചിയൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപരാമര്‍ശം നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിലായിരുന്നു ഞായറാഴ്ച്ച പുലര്‍ച്ചെ പിസി ജോര്‍ജിനെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വേച്ചു കടുത്ത വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്നും അഭിപ്രായപെട്ടിരുന്നു.
Content Highlight: Kerala Government to appeal Bail for PC George