പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍; പോലീസിന് മുന്നില്‍ ഹാജരാകില്ല
വിദ്വേഷ പ്രസംഗക്കേസില്‍ ഹാജരാകണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചുകൊണ്ട് പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ എത്തും. വെണ്ണല ക്ഷേത്രത്തില്‍ നല്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്ന ജോര്‍ജ് പിന്നീട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനൊപ്പം പര്യടനത്തിലുണ്ടാകും. തൃക്കാക്കരയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അവിടേയ്ക്ക് പോകുകയാണെന്നും രാവിലെ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പോലീസ് നല്കിയ നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പി സി ജോര്‍ജിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ജോര്‍ജ് ഉന്നയിച്ചു. പിണറായി നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത് മുഴുവന്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്ഐആര്‍ പോലും ഇടില്ലായിരുന്നു. കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും താന്‍ തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാനാണ് എത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു.
ഒരു ജനപ്രതിനിധിയായി നിന്ന് 33 കൊല്ലം നിയമം നിര്‍മിച്ച താന്‍ എങ്ങനെയാണ് നിയമം ലംഘിക്കുന്നത്. കേരള പോലീസല്ല, പിണറായിയുടെ ഊളന്മാരാണ് ഇതെന്നും ജോര്‍ജ് പറഞ്ഞു. കേരള പോലീസ് വരട്ടെ താന്‍ അനുസരിക്കാമെന്നാണ് ജോര്‍ജിന്റെ വിശദീകരണം. ഇന്നു രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് പോലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ജോര്‍ജ് പോലീസിന് മറുപടി നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചോദ്യംചെയ്യലിന് വിളിച്ചാല്‍ ഹാജരാകണമെന്നുമുള്ള ജാമ്യവ്യവസ്ഥയുടെ ലംഘനമാകും ജോര്‍ജിന്റെ നടപടിയെന്നതിനാല്‍ പോലീസ് നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Content Highlights: P C George, Thrikkakkara, Police, Bail, Violation