വെണ്ണലയിലും തിരുവനന്തപുരത്തും പറഞ്ഞത് കുറഞ്ഞുപോയെന്ന് പി സി ജോര്‍ജ്; മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും രൂക്ഷവിമര്‍ശനം
തന്നെ പോലീസിനെ ഉപയോഗിച്ച് നിശബ്ദനാക്കാന്‍ ശ്രമം നടക്കുന്നതായി പി സി ജോര്‍ജ്. ഹാജരാകണമെന്ന പോലീസ് നോട്ടീസ് അവഗണിച്ച് തൃക്കാക്കരയിലെത്തിയ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വെണ്ണലയിലും തിരുവനന്തപുരത്തും പറഞ്ഞത് കുറഞ്ഞുപോയെന്നും പി സി ജോര്‍ജ് പറഞ്ഞു. സത്യങ്ങള്‍ പറഞ്ഞതാണ് പിണറായിയുടെ പ്രശ്നം. തന്നെ കുടുക്കിലാക്കാന്‍ ശ്രമിച്ചതു മുതല്‍ പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് പിണറായിയുടെ അന്ത്യത്തില്‍ എത്തിക്കും.
അറസ്റ്റിന് പിന്നില്‍ വൃത്തികെട്ട രാഷ്ട്രീയമാണ്. പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല. ഇപ്പോള്‍ മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞും തന്നെ പിടികൂടാനാകില്ല. തന്നെ അറസ്റ്റ് ചെയ്തതിലൂടെ പിണറായി നടത്തിയത് പ്രീണശ്രമമാണ്. താന്‍ വിഎസിന്റെ ആളായിരുന്നുവെന്നായിരുന്നു പിണറായിയുടെ പ്രശ്നം. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി നടക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശന് മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷനേതാവാണ് സതീശന്. കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാനത്തെ ആണിയടിച്ച ശേഷമേ സതീശന് അടങ്ങൂ. പോലീസിന്റെ നോട്ടീസ് മൈന്‍ഡ് ചെയ്യാന്‍ സൗകര്യമില്ലെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചെങ്കില്‍ അത് കോടതിയില്‍ പറഞ്ഞോളാമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ജോര്‍ജ് പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ജോര്‍ജ് വാര്‍ത്താസമ്മേളത്തില്‍ വായിച്ചത്.
Content Highlights: P C George, Thrikkakkara, Police, Bail, Violation