ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു; പ്രതിഷേധം പരസ്യമാക്കി മുഖ്യമന്ത്രി
സംസ്ഥാനത്തെ 9 വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വ്വകലാശാലകളെ മാറ്റുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ചാന്‍സലറുടെ ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപണമുയര്‍ത്തി. വിസിമാരോട് രാജി ആവശ്യപ്പെടാന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അവകാശമില്ലെന്നും സര്‍വ്വകലാശാലയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണറുടെ നീക്കം സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഗവര്‍ണറെ വിമര്‍ശിച്ചാല്‍ മാത്രം ഭരണഘടനാവിരുദ്ധം എന്നാല്‍ ഗവര്‍ണര്‍ ചെയ്യുന്നത് ഭരണഘടന പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ്. വിസിമാരുടെ നിയമനങ്ങള്‍ ചട്ടവിരുദ്ധമെങ്കില്‍ അതിന്റെ ഉത്തരവാദി ചാന്‍സിലര്‍ മാത്രമാണെന്നും മുഖ്യമന്തി പറഞ്ഞു.
ജുഡീഷ്യറിയില്‍ അടക്കം ഇടപെടുന്ന രീതിയാണ് ഗവര്‍ണറുടേത്. ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പിടാതെ ബോധപൂര്‍വം വൈകിപ്പിക്കുന്നു. ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പരസ്യപ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്നും മുഖ്യമന്തി കൂട്ടിചേര്‍ത്തു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാര്‍ രാജിവയ്ക്കണമെന്നാണ് രാജ്ഭവന് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights – Pinarayi Vijayan publicly criticized Governor Arif Muhammad Khan’s action