എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസിനെതിരെ വീണ്ടും പരാതി
എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ വീണ്ടും പരാതി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ എംഎസ്എഫ് പ്രഖ്യാപിച്ച ഹബീബ് എജ്യുകെയര്‍ എന്ന സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതി തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കൂടി രണ്ട് കോടിയോളം രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ചത്.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനത്തില്‍ മൂവായിരത്തോളം പേർ പങ്കെടുത്തു. ഇവര്‍ക്കായി നടത്തിയ പരീക്ഷയ്ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ന്നിരുന്നു. പരീക്ഷാ പേപ്പറില്‍ ചോദ്യങ്ങള്‍ക്ക് പുറമേ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫോണിലേക്ക് ഈ കമ്പനികളുടെ ഓഫറുകളുമായി ഫോണ്‍ കോളുകൾ നിരന്തരമെത്തിയതോടെയാണ് പരാതി ഉയർന്നത്.
ഇതേത്തുടര്‍ന്നാണ് പികെ നവാസിനെതിരെ വൈസ് പ്രസിഡന്റ് പരാതി നല്‍കിയത്. വിഷയത്തില്‍ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എംഎസ്എഫിന്റെ സംസ്ഥാന ട്രഷററും പികെ നവാസും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.