വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രം പോക്സോ കോടതി തള്ളി; പുനരന്വേഷണത്തിന് ഉത്തരവ്
വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം പോക്സോ കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. സിബിഐ തന്നെ കേസില്‍ പുനരന്വേഷണം നടത്തണം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞിരുന്നത്. ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു. മക്കളുടേത് കൊലപാതകം തന്നെയാണ്. കേസില്‍ പോലീസ് ചെയ്തത് തന്നെയാണ് സിബിഐയും ചെയ്തത്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
2021 ഡിസംബറിലാണ് വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പറഞ്ഞിരുന്നത്. സിബിഐ ഇത് ശരിവെക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് പെണ്‍കുട്ടികളെ നയിച്ചത് ലൈംഗിക, ശാരീരിക പീഡനങ്ങളാണെന്നും കുട്ടികള്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ ബലാല്സംഗക്കുറ്റമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്.
2017ലാണ് രണ്ടു മാസത്തെ ഇടവേളയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വാളയാറിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 13കാരിയായ മൂത്ത കുട്ടിയെ ജനുവരി 13നും സഹോദരിയായ ഒന്‍പതു വയസുകാരിയെ മാര്‍ച്ച് 4നും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണമെന്നു മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് രേഖപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് വിധേയരായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
സംഭവം വിവാദമായതിന് പിന്നാലെയാണ് നാര്‍കോട്ടിക് ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയത്. കേസില്‍ അന്വേഷണം നടത്താന്‍ അലംഭാവം കാണിച്ച വാളയാര്‍ എസ്ഐയെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു. 2021 ഏപ്രിലിലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്.
Content Highlights: Valayar Case, CBI, POCSO Court, Charge Sheet