വാക്സിനെടുത്തിട്ടും ഫലമുണ്ടായില്ല: നായയുടെ കടിയേറ്റ കോളേജ് വിദ്യാര്‍ത്ഥിനി പേവിഷ ബാധയേറ്റ് മരിച്ചു
പാലക്കാട് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്.
തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് ചില ലക്ഷണങ്ങൾ കാണിച്ചതിനെ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമാണ് ചെയ്തത്.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സിനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമയ്ക്കും കടിയേറ്റിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല.
എന്നാൽ അപൂര്‍വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. തുടർന്ന് ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.