ജോര്ജിയയില് ആശയക്കുഴപ്പം; വിജയ് ബാബുവിനെ കണ്ടെത്താന് എംബസികള് സഹായിക്കുമെന്ന് പോലീസ്
ദുബായില് നിന്ന് മുങ്ങിയ നടനും നിര്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന് എംബസികളുടെ സഹായം തേടി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര് സി.എച്ച്.നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ഏതു രാജ്യത്തേക്ക് കടന്നാലും അറസ്റ്റ് ചെയ്യാനാകും. അതിനായി എംബസികള് സഹായിക്കുമെന്നും കമ്മീഷണര് പറഞ്ഞു. ഇതിനിടെ വിജയ് ബാബു കടന്നുവെന്ന് പറയപ്പെടുന്ന ജോര്ജിയ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
പഴയ യുഎസ്എസ്ആറിന്റെ ഭാഗമായ ജോര്ജിയിലേക്കാണോ അതോ യുഎസ് സംസ്ഥാനമായ ജോര്ജിയയിലേക്കാണോ വിജയ് ബാബു കടന്നതെന്ന് വ്യക്തമല്ല. അമേരിക്കയിലെ ജോര്ജിയയില് വിജയ് ബാബുവിന്റെ ബന്ധുവുണ്ടെന്നാണ് വിവരം. ഇവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളുടെ യാത്രാ വിവരങ്ങള് ശേഖിക്കാനാണ് നീക്കം.
പാസ്പോര്ട്ട് റദ്ദാക്കുമെന്ന് മനസിലാക്കിയാണ് ദുബായില് നിന്ന് വിജയ് ബാബു മുങ്ങിയത്. പാസ്പോര്ട്ട് റദ്ദായതോടെ വിസയും റദ്ദാക്കപ്പെടും. അതിനാല് ഇപ്പോള് ഒളിവിലുള്ള രാജ്യത്തു നിന്ന് വിജയ് ബാബുവിന് രക്ഷപ്പെടാനാകില്ല. ഇന്റര്പോളിന്റെ സഹായത്തോടെ റെഡ് കോര്ണര് നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.
Content Highlight: Police asks help of embassies to find vijay babu