പിസി ജോർജ് ഒളിവിൽ; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
മതവിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ജോർജിൻ്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ജോർജ് എവിടെയാണെന്നറിയാൻ ഗണ്‍മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പിസി ജോര്‍ജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെതുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന്, പിസി ജോര്‍ജ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളുകയായിരുന്നു. പ്രസംഗത്തില്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രകോപന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കോടതി ചൂണ്ടികാട്ടി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതി ജാമ്യപേക്ഷ തള്ളിയതോടെ പിസി ജോര്‍ജ് ഒളിവിൽപ്പോകുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പിസി ജോര്‍ജ് പുറത്ത് പോയത്. പോകുമ്പോള്‍ മാരുതി എസ് ക്രോസ് കാര്‍ ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ജോര്‍ജ് കാറില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിലേക്ക് മാറിയ പിസി ജോര്‍ജ് കടന്നുകളഞ്ഞെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരളത്തിന് പുറത്ത് കടക്കാനും സാധ്യതയുള്ളതായി പൊലീസ് പറയുന്നു. ആ നിലയിലേക്കും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Content Highlight – Police have intensified their search for PC George after his anticipatory bail application was rejected in a hate speech