വിമാനത്തിലെ പ്രതിഷേധം; ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നിര്‍ദേശം
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്തണമെന്ന നിര്‍ദേശവുമായി പൊലീസ്. ഫര്സീന് സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫര്സീന് മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കാപ്പയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാവുമെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ നിന്ന് ഫര്‍സീനെ മാറ്റി നിര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ ഡിഐജി രാഹുല്‍ ആര് നായര്‍ക്ക് കൈമാറിയത്.
കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഫര്സീന് മജീദിന് നല്‍കിയതായി പൊലീസ് അറിയിച്ചു. ഫര്‍സീനിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഉത്തരവ് പുറത്തിറക്കുക.
Content Highlights – Police order to charge Kappa against Farzeen Majeed