പ്രസ് ക്ലബുകൾ ജപ്തിക്ക്, കയ്യിട്ടുവാരി തിന്ന നേതാക്കൾ ജയിലിലേക്ക്
ജപ്തി ഭീഷണിയിലായ കേരളത്തിലെ പ്രസ് ക്ലബുകൾക്ക് ആശ്രയം ഹൈക്കോടതി പരിഗണനയിലുള്ള മൂന്നു കേസുകളിലെ കാലതാമസം. സർക്കാർ ഫണ്ട് വെട്ടിപ്പ്, എം പി ഫണ്ട് തട്ടിപ്പ്, ദേവസ്വം ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ മൂന്നു കേസുകളാണ് പ്രസ് ക്ലബ് ഭാരവാഹികൾ പ്രതികളായി കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ക്രമക്കേടുകൾ സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയിട്ടുള്ളതിനാൽ വിധി വരുന്നതോടെ പ്രസ് ക്ലബ് ഭാരവാഹികൾ കൂട്ടത്തോടെ ജയിലിലാകുമെന്നു ഉറപ്പായിരിക്കുകയാണ്.
തൃശൂർ പ്രസ് ക്ലബ് ഭാരവാഹികൾ വ്യാജ രേഖ ചമച്ച് വടക്കുംനാഥ ക്ഷേത്ര വക 10 കോടി രൂപ മൂല്യമുള്ള ദേവസ്വം ഭൂമി തട്ടിയെടുത്ത കേസ് 2020 മുതൽ ഹൈക്കോടതിയിലാണ്. വ്യാജ രേഖ നൽകി വില്ലേജ് ഓഫിസറെ കബളിപ്പിച്ച് 40 വർഷത്തെ കരം ഒന്നിച്ചടച്ചു ദേവസ്വം ഭൂമി കൈക്കലാക്കിയതിനു തൃശൂർ പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന എം.വി. വിനിത, കെ. പ്രഭാത് എന്നിവർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യാജ രേഖ ചമച്ചാണ് പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി തട്ടിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.