വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും വിമാന സേവന കമ്പനിയായ ഇൻഡിഗോയുടെ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വധശ്രമം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇരുവരും മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകും.
Content Higlight- Protest inside Pinarayi’s flight: Youth Congress members booked for murder attempt