പി വി അന്‍വര്‍ ജയിലില്‍; 14 ദിവസത്തെ റിമാന്‍ഡ്
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ഇന്ന് ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം.
തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ആണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമിക്കുന്ന തരത്തിലേക്ക് അക്രമാസക്തമായത്.