വീണാ ജോർജിന്റെ വാദം പൊളിയുന്നു; അവിഷിത്തിനെ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് പുറത്താക്കി ഉത്തരവിറങ്ങിയത് ഇന്ന്
രാഹുൽഗാന്ധി എം പിയുടെ കല്പറ്റയിലെ കൈനാട്ടിയിലുള്ള ഓഫീസ് ആക്രമണത്തിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ മാസം പതിനഞ്ച് മുതൽ അവിഷിത്തിനെ ഒഴിവാക്കി എന്നാണ് ഉത്തരവിൽ പറയുന്നത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടനെ തിരിച്ചേൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കെ ആർ ആവിഷിത്തിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. കുറേയധികം ദിവസങ്ങളായി ഇയാൾ ഓഫീസിലെത്തുന്നില്ലെന്നതാണ് പിരിച്ചുവിടാൻ കാരണമായി പറയുന്നത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അതിക്രമത്തിൽ പങ്കെടുത്ത അവിഷിത്ത് വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗമാണെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം. നേരത്തെ തന്നെ അവിഷിത്ത് സ്റ്റാഫല്ലെന്ന് പറഞ്ഞ് വീണ രംഗത്തെത്തിയിരുന്നു. ഈ മാസം ആദ്യമേ തന്നെ അവിഷിത്ത് വ്യക്തിപരമായ കാരണം പറഞ്ഞ് ഒഴിവായി എന്നാണ് മന്ത്രിയുടെ വിശദീകരണം.
എസ് എഫ് ഐ വയനാട് ജില്ലാ മുൻ വൈസ് പ്രസിഡണ്ടാണ് അവിഷിത്ത്. ഈ സംഭവത്തിന് പിന്നാലെ പൊലീസിനെ വെല്ലുവിളിച്ചും അവിഷിത്ത് രംഗത്തെത്തിയിരുന്നു. എസ് എഫ് ഐ പ്രതിഷേധത്തെ സി പി എമ്മും എസ് എഫ് ഐ നേതൃത്വവും തള്ളിപ്പറഞ്ഞിട്ടും അവിഷിത്ത് ന്യായീകരിക്കുകയായിരുന്നു. ജനപ്രതിനിധിക്ക് സന്ദർശനം നടത്താനുള്ള ഇടമല്ല വയനാടെന്നും അവിഷിത്ത് പറഞ്ഞിരുന്നു.
Content Highlights: Rahul Gandhi’s Office Attack Veena George Office Staff