ശബരിമല സ്വർണ്ണ കവർച്ചയിൽ യഥാർത്ഥ കള്ളന്മാരെ കാണിച്ച് തരാമെന്ന് രമേശ് ചെന്നിത്തല; സംസ്ഥാനത്തെ പ്രമുഖർ പലരും സ്വർണ്ണക്കേസിൽ കുടുങ്ങിയേക്കും
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണം എന്ന ആവശ്യവുമായി കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്തു നല്കി. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് തനിക്ക് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയ്യാര്‍ ആണെന്നും ചെന്നിത്തല വെളിപ്പെടുത്തിയിട്ടുണ്ട്.
സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് ചെന്നിത്തല കത്തു നല്‍കിയത്. ഈ സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു. ശബരിമലക്കേസിന്റെ ഈ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണം.
പൗരാണിക സാധനങ്ങള്‍, ദിവ്യവസ്തുക്കള്‍ ഒക്കെ മോഷ്ടിച്ചു അന്താരാഷ്ട്ര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെ ക്കുറിച്ചു നേരിട്ടുള്ള അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഈ കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.
അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 500 കോടിക്കടുത്തുള്ള ഒരു ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങളെ കുറിച്ച് താൻ സ്വതന്ത്രമായി പരിശോധിക്കുകയും, അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം എസ്ഐടിക്ക് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോടതിയിൽ മൊഴി നൽകാനും തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല. അത് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ആളുകൾ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ല. അന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണ വ്യാപാരിയായ ഗോവര്ധന് വെറും ഇടനിലക്കാരന് മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വര്‍ണമോഷണ സംഘത്തിന്റെ രീതികള്‍ക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണണ്ട ഒന്നാണ്. സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
ഈ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം തയ്യാറാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് തനിക്കു സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നുണ്ട്.
വിജയ് മല്യ പൂശീയ സ്വര്‍ണം അടിച്ചു മാറ്റാന്‍ നടത്തിയ ഒരു ചെറിയ ഗൂഢാലോചന അല്ലയിത്. നമ്മളിപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അന്വേഷണം ഇവിടെ അവസാനിപ്പിക്കരുത്. ഇതിന്റെ സകല കണ്ണികളെയും പുറത്തു കൊണ്ടുവരണം. കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കള്‍ പുറത്തു വില്പന നടത്താനുള്ള വലിയ ഗൂഢാലോചനയാണ്. ഇതിൽ വന്‍ സ്രാവുകളുണ്ട്, അവരെ പിടിക്കണം.
അതിനായി ആദ്യം അന്വേഷണം എത്തേണ്ടത് യഥാര്‍ഥ പ്രതികളിലേക്ക് ആണ്.













