വാടകയ്ക്ക് വീടെടുത്തു, കട കുത്തിത്തുറന്ന് വീട്ടു സാധനങ്ങൾ മോഷ്ടിച്ചു; മൂന്ന് കള്ളന്മാർ പിടിയിൽ
തൃശൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് സോപ്പ് മുതൽ കിടക്ക വരെ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തത്തിനു പുറമെ മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി.
ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിയത്. കട ഉടമയുടെ വീട് തൊട്ടടുത്തുതന്നെ ആയിരുന്നെങ്കിലും മോഷണം പുലർച്ചെ ആയതിനാൽ മോഷണ വിവരം ഉടമ അറിഞ്ഞില്ല. രാവിലെ മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയാണ് കള്ളന്മാരെ തിരിച്ചറിഞ്ഞത്. മോഷണം സ്ഥിരം തൊഴിലാക്കിയവരാണ് മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു.