സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ സംഘം പുഴയുടെ മറുകരയില്‍ കുടുങ്ങി. 5 മണിക്കൂറോളമാണ് 4 യുവാക്കള്‍ പുഴയുടെ മറുകരയില്‍ കുടുങ്ങിയത്. അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരുവെമ്പ് സ്വദേശി കെ.ഹാറൂണ്‍ ഹിഷാം (18), കുനിശ്ശേരി സ്വദേശി ആര്.അഫ്രീദ് (18), കോഴിക്കോട് സ്വദേശി എം.അമല്‍ റോഷന് (18), പിരായിരി പള്ളിക്കുളം സ്വദേശി എ.അനസ് (25) എന്നിവരാണ് മറുകരയില്‍ കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെ 10.30ന് ഇവരെത്തിയപ്പോള്‍ പുഴയില്‍ ഒഴുക്ക് കുറവായിരുന്നു. ഇതോടെ ഇവര്‍ വെള്ളച്ചാട്ടത്തിന്റെ മറുകരയിലേക്ക് കടന്നു. അല്പസമയത്തിനകം കനത്ത മഴ പെയ്തതോടെ ഒഴുക്ക് ശക്തമാക്കുകയായിരുന്നു. ഇതോടെ ഇവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാതായി. 4 പേരില്‍ ഒരാളുടെ കയ്യില്‍ മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ ഫോണുകള്‍ കാറില്‍ വെച്ച ശേഷമാണ് ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് എത്തിയത്.
ഫോണ്‍ റേഞ്ച് ഇല്ലാതിരുന്നതും തിരിച്ചടിയായി. വൈകിട്ട് 4ന് സീതാര്‍കുണ്ടില്‍ എത്തിയ മറ്റൊരു സംഘം കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍ക്ക് സഹായത്തിനെത്തിയത്. ടോള്‍ ഫ്രീ നമ്പറായ 112ല്‍ വിവരമറിയിച്ചതനുസരിച്ച് നിര്‍ഭയ അധികൃതര്‍ കൊല്ലങ്കോട് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് സംഘങ്ങള്‍ സീതാര്‍കുണ്ടില്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.