ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്.അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയിൽ ഹാജരാക്കും. ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് കൂടി കടക്കുകയാണ്. കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചനയുണ്ട്. മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനേയും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് എസ്ഐടി.
2019 ജൂലൈ 19 ന് സ്വർണ്ണപ്പാളികൾ കൈമാറുമ്പോൾ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിലവിൽ പിടിയിലായവർ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മൂന്നു ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തും.
ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് കെഎസ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം.













