നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും
നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ പുലർച്ചെ 5:40നും ആറിനും ഇടയിലാണ് ചടങ്ങ് നടക്കുക. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും പരികർമികളും ചേർന്ന് പതിനെട്ടാം പടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി സന്നിധാനത്തെ കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.
തന്ത്രി കണ്ഠരര് മഹേശ്വരുടെ കാർമികത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം വച്ച് ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീകോവിലിനു മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും പൂജിച്ച നെൽക്കതിർ തൂക്കിയിടുകയും പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവിൽ വഴിപാടായി സമർപ്പിക്കുകയും ചെയ്യും.
അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന് എത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകൾ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ച സാഹചര്യത്തിലാണ് നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ, തീർത്ഥാടകർ വളരെയധികം ശ്രദ്ധിക്കണം.
Content Highlights: Sabarimala Nada, open, Niraputri celebrations