തെരുവുനായ പേടിയിൽ തോക്കെടുത്തതിന് കേസെടുത്തതിൽ വിഷമം
തെരുവ് നായ്ക്കളെ ഭയന്ന് സ്വന്തം മക്കളും അയൽവാസികളും മദ്രസയിൽ പോകുന്നത് നിർത്തിയതിനാലാണ് തോക്ക് കൈവശം വയ്ക്കാൻ നിർബന്ധിതനായതെന്ന് സമീർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു മദ്രസ വിദ്യാർത്ഥിയെ തെരുവ് നായ കടിചിരുന്നു അതിനാൽ, ഇവിടെയുള്ള കുട്ടികൾക്കെല്ലാം പുറത്തിറങ്ങി മദ്രസയിലേക്ക് നടക്കാൻ ഭയമായിരുന്നു. അതുകൊണ്ടാണ്, അവർക്ക് സുരക്ഷ നൽകാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായതോടെ ബേക്കൽ പൊലീസ് സമീറിനെതിരെ ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്നാരോപിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് സമീർ വീഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
എന്നാൽ എയർഗൺ കൊണ്ടുപോകാൻ ലൈസൻസ് ആവശ്യമില്ലെന്നാണ് സമീർ പറയുന്നത്.എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറഞ്ഞത്. തെരുവുനായപ്പേടിയിൽ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തിൽ കേസെടുത്തതിൽ വിഷമമുണ്ടെന്നും സമീർ പറഞ്ഞു. എയർഗണ്ണുകൊണ്ട് വെടിവെച്ചാൽ നായ ചാകില്ല. ആരെയും അപായപ്പെടത്താൻ ശ്രമിച്ചിട്ടില്ലെന്നും ഷോ കേസിൽ വെച്ചിരുന്ന എയർഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാൻ അറിയില്ലെന്നും സമീർ ഇപ്പോൾ പറയുന്നു.