സജി ചെറിയാനെതിരെ കേസ്
ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പ്പൂര് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. പ്രസംഗം വിവാദമായ സാഹചര്യത്തിൽ മന്ത്രി സ്ഥാനം സജി ചെറിയാന് രാജിവെച്ചിരുന്നു.
ഇന്നലെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാർട്ടി നേതൃയോഗം ചേർന്നിരുന്നു. യോഗം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രാജിക്കാര്യത്തെ കുറിച്ച് മാധ്യമ പ്രവത്തകർ ചോദിച്ചപ്പോൽ താന്‍ എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നം എന്നായിരുന്നു സജി ചെറിയാന് ചോദിച്ചത്. എന്നാല്‍ അഞ്ച് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് അദ്ദേഹം മന്ത്രി സ്ഥാനം നിന്നും രാജി വെക്കുകയായിരുന്നു. സംസ്ഥാന നേതൃത്വം അലംഭാവം കാണിച്ചെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്.
മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും ഈ വിഷയം കൈവിടാൻ പ്രതിപക്ഷം തയ്യാറല്ല. നിയമസഭയില്‍ ഇന്ന് ഇക്കാര്യം ഉന്നയിക്കും. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് യു ഡി എഫ് പറയുന്നത്. സജിചെറിയാന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായവും പ്രതിപക്ഷം തേടും. പ്രതിപക്ഷം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
സജി ചെറിയാന് പകരം ആര് മന്ത്രിസഭയില്‍ എത്തുമെന്നാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജന്, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരില്‍ നിന്നും എ എന്‍ ഷംസീര്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസഭയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും. പകരക്കാരനെ മന്ത്രിസഭയില്‍ ഉടന്‍ എത്തിക്കണമോ എന്ന ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ടായിരിക്കും ഇനി കൈകാര്യം ചെയ്യക.
Content Highlight: Saji Cheriyan, Police Case