റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ട്: സജി ചെറിയാൻ
ജസ്റ്റിസ് ഹേമ കമ്മീഷന് പുറത്തുവിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ തന്നെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് പറഞ്ഞതായും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. ഹേമാകമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്യുസിസി
അംഗങ്ങള്‍ പറഞ്ഞുവെന്ന പരാമര്‍ശം മന്ത്രി പി രാജീവ് നടത്തിയതിനു തൊട്ടു പിന്നാലെയാണ് മന്ത്രി സജി ചെറിയാനും രംഗത്തു വന്നത്.
മന്ത്രി പി.രാജീവിന്റെ പരാമര്‍ശത്തിനു പുറകെ പ്രതികരണമറിയിച്ച് ഡബ്യുസിസി അംഗം ദീദി ദാമോദരന്‍ രംഗത്തു വന്നിരുന്നു. നിയമ മന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്നും കമ്മിറ്റി അന്വേഷിച്ച കണ്ടെത്തലുകള്‍ പുറത്തു വരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ദീദി പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടെയും വാദം നിലനില്‍ക്കെ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നിയമപ്രകാരം കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുകയാണ് മന്ത്രി സജി ചെറിയാന്.
കൃത്യമായ നിയമനടപടികള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും ഉടന്‍ തന്നെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് വിഷയത്തില്‍ സിനിമാസംഘടനകളുടെ തീരുമാനവുമായി സര്‍ക്കാരിനു യാതൊരു വിധ ബന്ധമില്ലെന്നും സര്‍ക്കാരിന്റെ നിലപാടുകള്‍ എന്നും നിയമാനുസൃതമാണെന്നും മന്ത്രി വ്യക്തമാക്കി.
ജസ്റ്റിസ് ഹേമാ കമ്മീഷന് റിപ്പോര്‍ട്ട് വിഷയത്തില്‍ ഡബ്യൂസിസി അംഗങ്ങളെയും അമ്മ പ്രതിനിധികളെയും വിളിച്ചു ചേര്‍ത്ത് രണ്ടു ദിവസത്തിനുള്ളില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഇരുകൂട്ടരുടെയും അഭിപ്രായങ്ങള്‍ വിലയിരുത്തി തീരുമാനത്തില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.