ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പരാമർശം; തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ
ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ കെ ജി സെന്ററിലെത്തി. എ ജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി.
പലതലങ്ങളിലായി ഈ വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിക്ക് സാധ്യതയുണ്ടോ എന്നും സർക്കാർ പരിശോധിച്ചു വരികയാണ്. എ ജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതിലൊരു വ്യക്തത വരുത്തുന്നതിന് വേണ്ടി നിയമോപദേശം തേടുകയായിരുന്നു.
എ കെ ജി സെന്ററില്‍ അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കള്‍ വിളിച്ച് വരുത്തുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്.
സജി ചെറിയാനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിറ്റ് മാത്രമാണ് നിയമസഭ ചേർന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിക്കുകയായിരന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറെ കണ്ടു.
ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശം ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജിചെറിയാന് നടത്തിയത്. പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു.
സംഭവത്തെ മുഖ്യമന്ത്രി ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചു.
ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗദ്ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സിപിഎം തിരിക്കിട്ട കൂടിയാലോചനകള്‍ നടത്തിവരുന്നത്.
Content Highlights: Saji Cheriyan Controversy meetings at Thiruvananthapuram