മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് SDPI; നടക്കുന്നത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പോലീസ് വേട്ട
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പരിപാടിയെ എസ്ഡിപിഐ പരിപാടിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയാണെന്നു മനസിലാക്കാതെയല്ല തികച്ചും ബോധപൂര്‍വമാണ് മുഖ്യമന്ത്രി എസ്ഡിപിഐ പരിപാടി എന്നാരോപിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ആരോപിച്ചു.
ഇത് രാഷ്ട്രീയ ദുഷ്ടലാക്കാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. ആര്‍എസ്എസ് ഭാഷ്യം അതേപടി ഏറ്റുപിടിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുള്പ്പെടെയുള്ളവര് യഥാര്‍ത്ഥത്തില്‍ സംഘപരിവാരത്തിന് മണ്ണൊരുക്കുകയാണ്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ഹീനമായ രാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയ ഭീതി മൂലം പോലീസ് തേര്‍വാഴ്ചയിലൂടെ സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കം ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണം.
ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ എസ്ഡിപിഐക്ക് യാതൊരു പങ്കുമില്ലെന്നിരിക്കേ പാര്‍ട്ടി സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ അര്‍ധരാത്രി മതില് ചാടി കടന്ന് വീരപ്പനെ വേട്ടയാടിയതുപോലെ പോലീസ് സംഘം സിനിമാ സ്റ്റൈല്‍ ഷോ കാണിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ തൊട്ടവരെയും കണ്ടവരെയും തടവിലാക്കുന്ന പോലീസ് തിരുവനന്തപുരത്തും വെണ്ണലയിലും പി സി ജോര്‍ജിന് വേദിയൊരുക്കിയ സംഘാടകരുള്‍പ്പെടെ ആരെയൊക്കെ അറസ്റ്റുചെയ്തെന്നു വ്യക്തമാക്കണം. കെ റെയില്‍ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നടപടികള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാന്‍ ബോധപൂര്‍വം വിഷയം മാറ്റുകയും സംഘപരിവാരിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാരും സിപിഎമ്മും പയറ്റുന്നതെന്നും എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു.
Content Highlight: Will take legal action against CM, says SDPI