പ്രതിദിനം അയച്ചത് 6000 രൂപ; ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം
ശബരിമല ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരിശോധന ദിവസ വേതനക്കാരിലേക്കും എത്തുന്നു. ദിവസ വേതനക്കാര്‍ക്കുള്ള പ്രതിഫലം സീസണ് അവസാനിച്ച ശേഷമാണ് നല്‍കുന്നതെന്നിരിക്കെ പലരും പ്രതിദിനം പണം കൈമാറ്റം നടത്തിയെന്ന കണ്ടെത്തലാണ് പരിശോധനയ്ക്ക് പിന്നില്‍. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫീസും വഴി ദിവസവേതനക്കാര്‍ ഇടപാടുകള്‍ നടത്തിയിരുന്നു എന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നില്‍. വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ദേവസ്വം വിജിലന്‍സ്.
കാണിക്കവഞ്ചി പരിപാലനം ഉള്‍പ്പെടെ വിവിധ ജോലികള്‍ക്കായി നൂറിലേറെ പേരാണ് സന്നിധാനത്ത് ദിവസ വേതനക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലരും പോസ്റ്റ് ഓഫീസ് വഴി ദിനംപ്രതി 6,000 രൂപ വരെ കൈമാറ്റം നടത്തിയെന്നാണ് കണ്ടെത്തല്‍. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ചാണ് ദേവസ്വം വിജിലന്‍സ് ഇക്കാര്യം പരിശോധിക്കാന്‍ ആരംഭിച്ചത്. ജീവനക്കാര്‍ കൈമാറിയ നോട്ടുകളില്‍ ഭസ്മം, കുങ്കുമം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സിന് നല്കിയ വിവരം.
ഈ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രുപയുടെ ഇടപാടുകള്‍ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം.









