മന്ത്രിയുടെ മുഖച്ഛായയുള്ള ജീവനക്കാരിയോട് നഗ്ന വീഡിയോയ്ക്ക് പോസ് ചെയ്യാൻ സമ്മർദ്ദം; നിരസിച്ചപ്പോൾ ഭീഷണിയും അപവാദപ്രചാരണവും: ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ
ജീവനക്കാരിയുടെ പരാതിയിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ മുഖച്ഛായയുള്ള ജീവനക്കാരിയോട് മന്ത്രിയുടേതെന്ന പേരിലുള്ള നഗ്നവീഡിയോയ്ക്ക് പോസ് ചെയ്യാൻ നന്ദകുമാർ തന്നെ നിർബ്ബന്ധിച്ചെന്നാണ് ആരോപണം. പരാതിയിൽ ഇന്ന് രാവിലെ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നന്ദകുമാറിൻ്റെ ക്രൈം ഓൺലൈൻ എന്ന ഓൺലൈൻ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നഗ്നവീഡിയോ തൻ്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് നന്ദകുമാർ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ വീഡിയോയിൽ ചേർക്കാൻ ചില ദൃശ്യങ്ങൾക്കായി പോസ് ചെയ്യണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു. അത് നിരസിച്ചതിൻ്റെ പേരിലാണ് നന്ദകുമാറിന് തന്നോട് വിരോധമുണ്ടായതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി സ്വദേശിനിയായ യുവതിയ്ക്ക് വീണ ജോർജുമായി മുഖച്ഛായയിൽ സാമ്യമുണ്ട്. ഈ മുഖസാമ്യമുപയോഗിച്ച് മന്ത്രിയുടെ അശ്ലീല വീഡിയോ എന്ന വ്യാജേന ദൃശ്യങ്ങൾ നിർമിക്കുകയായിരുന്നു നന്ദകുമാറിൻ്റെ ഉദ്ദേശമെന്ന് യുവതി ആരോപിക്കുന്നു. ഇതുമനസിലായ താൻ അത് നിരസിക്കുകയും ഇക്കാര്യം സഹപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. തുടർന്ന് നന്ദകുമാർ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.
വാട്സാപ്പ് വോയ്സ് മെസേജുകളിലൂടെയും കോളുകളിലൂടെയുമാണ് നന്ദകുമാർ തന്നെ ഭീഷണിപ്പെടുത്തിയത്. തന്നെ കള്ളക്കേസിൽക്കുടുക്കുമെന്നും നന്ദകുമാർ ഭീഷണിപ്പെടുത്തി. തന്നോട് പണം ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് താൻ കമ്മീഷണർക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു. തനിക്ക് കൊച്ചിയിൽ ബ്രൗൺ ഷുഗറിൻ്റെ കച്ചവടമുണ്ടെന്നുവരെ നന്ദകുമാർ പറഞ്ഞുപരത്തിയെന്നും യുവതി ആരോപിക്കുന്നു.
പലകാര്യങ്ങൾക്കും വ്യാജ തെളിവുകളുണ്ടാക്കാൻ സ്ഥാപനത്തിലെ പലജീവനക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. അതിനാൽ മിക്കവാറും ജീവനക്കാരും സ്ഥാപനം വിട്ടുപോയിട്ടുണ്ടെന്നും അവരെല്ലാം നന്ദകുമാറിനെതിരായി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും യുവതി പറയുന്നു.
ഇക്കഴിഞ്ഞ മേയ് 27-നാണ് നന്ദകുമാറിനെതിരെ കമ്മീഷണർക്ക് പരാതി നൽകിയത്. പരാതി ആദ്യം എളമക്കര പൊലീസിനും പിന്നീട് സൗത്ത് പൊലീസിനും കൈമാറി. പിന്നീട് നോർത്ത് പൊലീസാണ് നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയിന്മേൽ നന്ദകുമാറിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354 (സ്ത്രീത്വത്തെ അപമാനിക്കൽ), 506 (കുറ്റകരമായ ഭീഷണി) എന്നീ വകുപ്പുകളും പടികജാതി പടികവർഗ വിഭാഗങ്ങൾക്ക് നേരേയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Content Highlight: Serious allegations against Crime Nandakumar