യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നു: ഷാഫി പറമ്പിൽ
വിമാനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരേ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഷാഫി പറമ്പിൽ ഇ പി ജയരാജനെ വെല്ലുവിളിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇ പി ജയരാജനെതിരെ അദ്ദേഹം രംഗത്തെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പ്രതിഷേധ മുദ്രാവാക്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാഞ്ഞടുത്ത യൂത്ത് കൊൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇപി ജയരാജൻ തള്ളിമാറ്റിയിരുന്നു. ഇവർ മദ്യപിച്ചിരുന്നെന്ന് ഇപി ജയരാജൻ ആരോപിക്കുകയും ചെയ്തു.