കാസര്‍കോട് ചെറുവത്തൂരില്‍ ഷിഗല്ലയും; സ്ഥിരീകരണം ഭക്ഷ്യവിഷബാധയേറ്റവരില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രോഗികളില്‍ ഷിഗല്ല രോഗമുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സയിലുള്ള ആളുകളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയനാട്ടിലും ഭക്ഷ്യവിഷബാധ
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചത്. ഇതിനു പിന്നാലെ് വയനാട്ടിലും ഇന്ന് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നു വയനാട്ടില്‍ എത്തിയ 15 വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കമ്പളക്കാട്ടിലെ സ്വകാര്യ ഹോട്ടലിലെ ഭക്ഷണം കഴിച്ചവരെ ഗുരുതരാവസ്ഥയില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളം ഭക്ഷ്യവിഷബാധയില്‍ ഭീതിയിലാഴ്ന്നു നില്ക്കുമ്പോള് ഇരട്ടി പ്രഹരമായിട്ടാണ് ഷിഗല്ല സ്ഥിരീകരണം ഉണ്ടായത്.
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചത് സംഭവത്തോടെ സംസ്ഥാനം ജാഗ്രതയിലാണ്. ചെറുവത്തൂരിലെ സംഭവത്തിന്റെ പശ്ചാതലത്തില്‍ ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനങ്ങളിലെ വ്യത്തി, ഉപയോഗിക്കുന്ന മാംസം, ഉപകരണങ്ങള്‍, മയണൈസ് തുടങ്ങിയവയാണ് പരിശോധിക്കുക. കൂടാതെ കടകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും ഉറപ്പ് വരുത്തും.