സില്‍വര്‍ലൈന്‍ ഭൂമിയേറ്റെടുക്കൽ: ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കുന്നത് ചോദ്യംചെയ്തുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജികളിൽ സത്യവാങ്മൂലം നല്കാന് കേന്ദ്രസർക്കാർ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റിയത്.
നേരത്തെ സില്‍വര്‍ലൈന്‍ (കെ റെയില്‍) സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് പിന്നീട് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനുശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യാഘാതപഠനം നടത്തുന്നത് ഏത് സാഹചര്യത്തിലാണെന്നും പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ടോയെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം മറുപടി നല്കിയപ്പോള് ഏത് സാഹചര്യത്തിലാണ് അനുമതിയില്ലാതെ സര്‍വെ നടക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് ഹര്‍ജികള്‍ വീണ്ടും പരിഗണിച്ചപ്പോള്‍ ഈ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനായുള്ള കല്ലിടല്‍ നടപടികള്‍ നേരത്തേ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലിടാതെ പഠനവുമായി മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നിലവില്‍ പഠനവും നിലച്ച മട്ടാണ്.
Content Highlight: Silverline Project, K Rail, Highcourt