നികുതി അടച്ചാൽ സ്മാർട് ടിവി സമ്മാനം; ഓഫറുമായി മലപ്പുറം നഗരസഭ

നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആകർഷകമായ പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ. ഫെബ്രുവരി 28ന് മുമ്പ് നഗരസഭയിൽ നികുതി അടക്കുന്ന നികുതിദായകരിൽ നിന്ന് വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകും. സ്മാർട് ടിവിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പ്രഷർ കുക്കർ.
കൂടാതെ ഏറ്റവും അധികം നികുതി പിരിക്കുന്നതിന് നേതൃത്വം നൽകുന്ന നഗരസഭ കൗൺസിലർക്ക് വാർഷിക പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപയുടെ പ്രവർത്തികൾ തനത് ഫണ്ടിൽ നിന്നും അധികമായി അനുവദിക്കും. 70 ശതമാനത്തിന് മുകളിൽ നികുതി പിരിക്കുന്ന വാർഡിലെ ജനപ്രതിനിധികൾക്ക് മൊമെന്റോയും നൽകും.
നഗരസഭയ്ക്ക് ലഭിക്കാനുള്ള നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി 10 മുതൽ 20 വരെ കൂടിയ നികുതി കുടിശ്ശികയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഡിമാൻ്റ് നോട്ടീസ് നൽകും. തുടർന്ന് ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ വാർഡ് തലങ്ങളിൽ നികുതി പിരിവിനായി പ്രത്യേക സംവിധാനം ഒരുക്കും. ഫെബ്രുവരിയിലെ പൊതുഅവധി ദിവസങ്ങളിലും ഓഫീസിൽ നികുതി സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു.